Wednesday, December 8, 2010

ചില്ല്

ഉള്ളില് കളങ്കഗര്ത്തങ്ങള് ബാക്കിവെച്ച
ഭൂതനിമിഷങ്ങളുടെ പിന്നാമ്പുറങ്ങളില്   
ഒരു നാടകം അരങ്ങേറുന്നു

ആത്മാനുഭൂതിയുടെ ആഴങ്ങളില്
തനിയെ അലഞ്ഞു തിരിയുന്ന കഥ

കഴിഞ്ഞ ദിവസത്തെ മുഷിഞ്ഞ  വേഷങ്ങളില്
അടുത്ത ദിവസവും ഉറക്കമുണരുന്ന  കഥ

കീറത്തുണിക്കുള്ളിലെ പ്രതാപത്തില്
മലിനതൃഷ്ണകളെ  തൃപ്തരാക്കി 
വമ്പുകള് പറയുന്ന കഥ

ഈ ഏകാങ്ക നാടകത്തിന്നിടവേളകളില് 
തിരശീലയ്ക്കു പിന്നിലെ എന്റെ സ്വകാര്യ മുറിയില്
അന്യരെ കയറ്റി കതകടയ്ക്കുന്ന ഇവള് - കഥ

കൂട്ട്

നിലാവില് മഞ്ഞു പുതച്ചുറങ്ങുന്ന
മണ്ണിനു മടുപ്പ് തോന്നാറില്ല.....

മഴയുടെ ഈരടികളില് കനവ്
ആവര്ത്തന വിരസത അറിയാറില്ല......

കുറുമ്പ് കാട്ടുന്ന കാറ്റിന്റെ കലമ്പലുകളില്   
തളിര്നാമ്പുകള് തളരാറില്ല.....

ഇരമ്പിയാര്ക്കുന്ന കടലിന്റെ ചടുലസ്പര്ശങ്ങള്  
കരയെ നോവിക്കാറില്ല......

മഞ്ഞായ് മഴയായ് കാറ്റായ് കടലായ്
ഈ സൗഹൃദങ്ങള് കാലത്തിനക്കരെയെത്തുമ്പോള്  
മണ്ണായ് മരമായ് കനവായ് കരയായ്
പുനര്ജനിക്കട്ടെ ഞാന്....................

നുറുങ്ങ്

എന്നോ മനസിലെടുത്തുവെച്ച   മയില്പീലിത്തുണ്ടിനു  
ഇപ്പോഴും ഒളിച്ചിരിയ്ക്കനാനിഷ്ടം.
ചിതലരിച്ച ഓര്മകള്ക്കിടയില്  
ഇന്നും നിറം മങ്ങാതെ...
ഞാന് മാനം കാണിക്കാന് പോവ്വ്വാ      .
നീയിനി പെറ്റു കൂട്ടണ്ട.
ആ കുഞ്ഞുങ്ങള് നിനക്കു വേണ്ട.

സ്വപ്നസഞ്ചാരം

എനിക്കൊരു പാലം പണിയണം
മനപ്പാലത്തിന്റെ മാതൃകയില്
കാലങ്ങള്ക്കിടയിലൂടെ ഇങ്ങനെ
വളഞ്ഞു പുളഞ്ഞു പോകുന്ന പാലം.

മനസിന്റെ മാറാല  കാരണം
കണ്ണീരിനു പഞ്ഞമില്ലാതാകുമ്പോള്
കാലത്തിന്റെ മാറാല മൂലം 
മുട്ടു വേദനിക്കുമ്പോള്, ബി. പി. കൂടുമ്പോള്
പെട്ടെന്നെനിക്കൊന്നൊളിച്ചിരിയ്ക്കാന്....
ഒളിച്ചിരുന്ന് കിതപ്പ് മാററാന്....
എനിക്കെന്റെ എവിടെയും മാറാല വീഴാത്ത കാലത്തിലേക്ക് പോകണം.
ആരും കാണാതെ, തനിച്ചിരുന്നു പിച്ചും പേയും പറഞ്ഞ് 
പൊട്ടിച്ചിരിക്കുന്ന ആ കാലത്തിലേക്ക്.......

അതിനു ഒരു പാലം പണിയണം
എന്തിനാ  അതിനൊരു പാലം എന്നാണോ?
ഞാനൊരു പറവയല്ലാത്തത്  കൊണ്ട്.
പറവകള്ക്ക് ഭൂമിയില് കാലിടറി വീഴില്ല.
വീണാലും അവയ്ക്ക് ചിറകു വിടര്ത്തി
ആകാശം മുട്ടെ പറക്കാം.
ആകാശത്ത് ഇരുണ്ട കുഴികളില്ലല്ലോ?

സാന്ദ്രം

എന്റെ പ്രണയത്തില് ഞാന്
ഒരു കുസൃതിക്കു
ഒരു നുള്ളു വിഷം കലര്ത്തി.

പ്രണയത്തിന്റെ നിറം മാറി
പച്ചയായ്  ചുവപ്പായ് കറുപ്പായ്....
പ്രണയത്തില് മരണത്തിന്റെ നിറം കാത്തു ഞാനിരുന്നു

മഞ്ഞും മഴയും വെയിലും വന്നു
പല തവണ.......
മനസിന്റെ അതിരിലും തലനാരിലും നര വന്നു
മടിയില്ലാതെ......
മരണത്തിന്റെ ഇളം കാറേററ്റ്  അസ്ഥി പൂത്തു.
എന്നിട്ടും............
എന്റെ പ്രണയത്തില് മരണത്തിന്റെ നിറം ഞാന് കണ്ടില്ല!

ആത്മരോദനം

ഹേ കൃഷ്ണാ......
എന്റെ ഏകാന്തതയുടെ തടവറയില്
നീ വീണ്ടും പിറന്നു കൊണ്ടേയിരിക്കുന്നു
നീ തന്ന മാതൃത്വത്തിന്റെ അമൃതും
വൃന്ദാവനത്തില് എന്റെ ഉടയാടകള് നനച്ച നിന്റെ വിയര്പ്പും പേറുന്ന
യശോദയും രാധയുമാണു  ഞാന്.
എന്റെ മാറില് തല ചായ്ചുറങ്ങുന്ന   ഉണ്ണിയും  
എന്റെ കവിളുകളിലെ കളഭസുഗന്ധത്തിന്റെ ഉടമയും നീ തന്നെ
എന്റെ  കണ്ണുകള് തേടുന്നതും കാതുകള് കൊതിക്കുന്നതും
ഹൃദയം ദാഹിക്കുന്നതും
നിന്റെ രൂപവും ശബ്ദവും ആത്മാവുമാണു  കണ്ണാ
എന്റെ മകനേ........എന്റെ പ്രിയനേ........
നിന്റെ നിഴലിലേക്ക് ഒരു മഴയായി അലിഞ്ഞിറങ്ങാന്
എന്നെ അനുവദിക്കൂ...
ദേഹം താങ്ങാത്ത മനസുമായ് അലയുകയാണു ഞാന്
നിന്റെ പ്രേമാമൃതം കൊണ്ട് എന്നെ ഒടുക്കൂ...
എനിക്ക് മോചനം തരൂ...
 നിന്റെ മയില്പീലി തലോടുന്ന ഇളംകാറ്റായ്
നിന്റെ ചുണ്ടുകള് മുത്തുന്ന കുഴല്നാദത്തിന് സീല്ക്കാരമായ്
നിന്റെ അധരങ്ങള് പുല്കുന്ന അളകങ്ങളിലൊന്നായ്   കഴിഞ്ഞോളാം  ഞാന്.....
എത്ര ജന്മം വേണമെങ്കിലും.................

അകത്തളം

പാപത്തിന്റെ ഗന്ധവും പേറി
കനലെരിയുന്ന വഴികളിലൂടെ
ഒറ്റയ്ക്കു  നടന്നപ്പോള് 
ഉന്മാദികളായ ആശകളുടെ കിനാവള്ളികളില്
ചുറ്റിപ്പിണഞ്ഞു പിടഞ്ഞ് ഒടുങ്ങിയ
ഇണകളെക്കണ്ട്  ഭീതിയോടെ
അലഞ്ഞുതിരിയുന്നു ഞാന്......
അറ്റം കാണാത്ത ദിക്കുകളിലേക്ക്
നോക്കി അലറിക്കരയുന്നു...........